Saturday, 2 May 2020

സാലറി ഫ്രീസുചെയ്യലും, മാറ്റിവെക്കലും, ഓർഡിനൻസും, ഭരണഘടനാവിരുദ്ധം ആണോ?


ആദ്യം കേരള സംസ്ഥാന സർക്കാർ, തുടർന്ന് യൂണിയൻ ഓഫ് ഇന്ത്യ, അവരുടെ ജീവനക്കാരുടെ ശമ്പളം COVID - 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കുറയ്ക്കാനോ മാറ്റിവെക്കാനോ ശ്രമം തുടങ്ങി. ധാർമികതയുടെ മുഖംമൂടി അണിഞ്ഞുകൊണ്ടാണ് ഇരുവരും ഇതിനൊരുങ്ങിയത്. എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ കാറ്റിൽ പറത്തിയാണ് ഇരുവരും ഇത് ചെയ്തത്. ഇപ്പോൾ ഇന്ത്യയിൽ രാജഭരണമല്ല മറിച്ചു ഭരണഘടനയിൽ അടിയുറപ്പിച്ച ജനകീയ ഭരണമാണ് എന്ന് ഓർക്കേണ്ടിയിരിക്കുന്നു. പണ്ട് തിരുവിതാംകൂർ മഹാരാജാവ് യുദ്ധഭീഷണിയിൽനിന്നു രക്ഷപ്പെടാനോ മറ്റോ ഖജനാവ് ശ്രീ പദ്മനാഭസ്വാമിക്ക് സമർപ്പിച്ചു എന്ന് കേട്ടിട്ടുണ്ട്. ഇതും ഏതാണ്ട് അതുപോലെതന്നെയായി. വിഷയത്തെപ്പറ്റി ഞാൻ 28-04-2020നു ഒരു ബ്ലോഗ് ഇംഗ്ലീഷിൽ എഴുതിയിരുന്നു -                      (https://www.centralemployeesnews.manjaly.net/2020/04/government-salary-freezing.html ). അതിനു ശേഷം കേന്ദ്ര സർക്കാർ ഫ്രീസ് ചെയ്യൽ പരിപാടി  മാറ്റി സംഭവനയാക്കി മാറ്റാനും സർക്കാർ ജീവനക്കാരിൽനിന്നും സമ്മതപത്രം വാങ്ങാനും തുടങ്ങി എന്നാണാണ് ചില പൊതുമാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. എന്നാൽ കേരള സർക്കാർ വിട്ടു കൊടുക്കാൻ തയ്യാറല്ല. ഗവണ്മെന്റ് സർക്കുലർ ഹൈക്കോടതി സ്റ്റേ ചെയ്തപ്പോൾ അത് ഓർഡിനൻസ് എന്ന ഓമനപ്പേരിൽ  വീണ്ടും കൊണ്ടുവന്നു. എന്നാൽ ഇതും ശരിയാണോ തെറ്റാണോ എന്ന് ഒന്ന് നോക്കുന്നത് നല്ലതാണെന്നു തോന്നുന്നു.


പൊതുവായ സാഹചര്യത്തിൽ, സിവിൽ സർവീസ് നിയമപ്രകാരം ശമ്പളം തടഞ്ഞുവയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നത് ഒരു ശിക്ഷാനടപടി ആയിട്ടാണ്.. അതിനായി നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. അതിനു അതിന്റെതായ നിയമ വ്യവസ്ഥയുണ്ട്. അല്ലാതെ വെറും ഒരു സർക്കാർ സർക്കുലർ കൊണ്ടോ ഓർഡിനൻസ് കൊണ്ടോ ചെയ്യാവുന്നതല്ല.   നിയമങ്ങൾ പാലിക്കാതെ, ഒരു സർക്കാരിനും ശമ്പളം കുറയ്ക്കാൻ കഴിയില്ല. അല്ലെങ്കിൽ  ഇത് ഒരു സംഭാവനയായി അല്ലെങ്കിൽ ഒരു നിക്ഷേപമായി, ജീവനക്കാരന്റെ സമ്മതത്തോടെ ആയിരിക്കണം. അതിനാൽ, സർക്കാരിന്റെ നടപടികൾക്ക് നിയമപരമായ നിലപാടില്ല.

എന്നാൽ ചെയ്യാൻ പറ്റില്ലേ എന്ന് ചോദിച്ചാൽ പറ്റും എന്ന് തന്നെയാണ് മറുപടി. പക്ഷെ അതിനു അതിന്റെതായ നടപടി ക്രമങ്ങൾ  ഉണ്ട്.  ഇന്ത്യൻ ഭരണഘടനയിൽ തന്നെ ഒരു വ്യവസ്ഥയുണ്ട്. അതായത്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 360 ലെ വ്യവസ്ഥകൾ പ്രകാരം, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ, കേന്ദ്ര സർക്കാരിന് ശമ്പളം കുറയ്ക്കാനും   സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകളെ ശമ്പളം കുറക്കാൻ  അധികാരപ്പെടുത്താനും കഴിയും. എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. ഇപ്പോൾ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ നിർബന്ധിത മരവിപ്പിക്കലിനോ ശമ്പളത്തിന്റെ ഒരു ഭാഗം തടഞ്ഞുവയ്ക്കുന്നതിനോ ഒരു സർക്കാരിനും അധികാരമില്ല.

എന്നാൽ ഇക്കാര്യം കേരള സർക്കാരിന് അറിയില്ല എന്ന് വിചാരിക്കാൻ കഴിയുമോ? ഇല്ല. പിന്നെ എന്തുകൊണ്ടാണ് സർക്കാർ അതിനു തുനിയാതെ സൂത്രം കൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കുന്നത്? അതിനു തക്കതായ കാരണം കാണിക്കണം. കോവിഡ് കോവിഡ് എന്ന് മാത്രം പറഞ്ഞാൽ പോരാ. മൊത്തം കടബാധ്യതയുടെ കണക്കു കാണിക്കണം. അവിടെയാണ് പ്രശ്നം. അതായതു, കോവിഡ് വരുന്നതിന്റെ മുൻപുള്ള കടബാദ്യതയും പിന്നീടുള്ള കോവിഡ് കൂടാതെയുള്ള കടബാധ്യതയും അതിനുള്ള വിശ്വസിക്കാവുന്ന ന്യായീകരണവും കൂടി വേണം. അതിനു സർക്കാരിന് കഴിയില്ല എന്ന പൂർണ ബോധ്യം സർക്കാരിന് ഉള്ളതുകൊണ്ടായിരിക്കണം നേരാം വഴിക്കു പോകുന്നതിൽനിന്നും സർക്കാരിനെ പിന്തിരിപ്പിക്കുന്നത്.

My home page: manjaly.net

My published books:   1. A FRAUD IN THE INDIAN CONSTITION (E-book & Paperback)
                                    2. LTC RULES MADE EASY (E-book)